#Mattannur Case #CPM Leaders Acquitted #Thalassery Court
തലശ്ശേരി:2012ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ വധിക്കാൻ ശ്രമിച്ചെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പ്രതികളെയും തലശ്ശേരി കോടതി വെറുതെ വിട്ടു.
തലശ്ശേരി പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് കെ.വി. കൃഷ്ണൻകുട്ടി*യാണ് വിശദമായ വാദം കേട്ട ശേഷം വിധി പ്രസ്താവിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം എൻ.വി. ചന്ദ്രബാബു, മട്ടന്നൂർ ഏരിയ സെക്രട്ടറി എം. രതീഷ് എന്നിവരുൾപ്പെടെയുള്ളവരാണ് കേസിലെ പ്രധാന പ്രതികൾ.
2012ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.



മാർച്ചിനിടെ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സാലി ജോസഫിനെ വധിക്കാൻ ശ്രമിച്ചെന്നും, പൊലീസ് എയ്ഡ് പോസ്റ്റ് തകർത്ത് പൊതുമുതൽ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്.
കേസിൽ പ്രതിഭാഗത്തിനായി അഭിഭാഷകൻ എൻ.എം. രമേശൻ ഹാജരായി. പ്രോസിക്യൂഷന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്നാണ് കോടതി എല്ലാവരെയും വെറുതെ വിട്ടത്.
Content Highlight: Mattannur SI Attack Case 2012: Court Acquits 86 Including CPM Leaders
#Mattannur Case #CPM Leaders Acquitted #Thalassery Court












































